Sunday, December 1, 2013

മുഖ്യമന്ത്രിക്കെതിരെ കാസർകോട്ട് രണ്ടാം ദിവസവും ഉജ്വല പ്രതിഷേധം

കാസർകോട്: സോളാർ തട്ടിപ്പിൽ  കുറ്റാരോപിതനായ ഉമ്മൻചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കാസർകോട്ട് രണ്ടാം ദിവസവും ഉജ്വല എൽഡിഎഫ്പ്രതിഷേധം. ഓഫീസും ജീവനക്കാരും മുഖ്യമന്ത്രിതന്നെയും തട്ടിപ്പിന് കൂട്ടുനിന്നതായി തെളിഞ്ഞിട്ടും അധികാരത്തിൽ കടിച്ചുതൂങ്ങുന്ന ഉമ്മൻചാണ്ടിക്കെതിരെ കരിങ്കൊടിയുമായി ആയിരങ്ങൾ പ്രതിഷേധ മാർച്ചിൽ അണിചേർന്നു. തട്ടിപ്പുകേസിലെ പ്രതികളെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണകക്ഷി നേതാക്കളെയും രക്ഷിക്കാൻ കേസന്വേഷണംപോലും അട്ടിമറിച്ചതിലുള്ള ജനരോഷത്തിന്റെ  പ്രതിഫലനമായി മാർച്ച്.
വെള്ളിയാഴ്ച കാസർകോട്ട്  ജനസമ്പർക്ക പരിപാടിയിലേക്ക്‌നടന്ന പ്രതിഷേധ മാർച്ചിൽ സ്ത്രീകളുൾപ്പെടെ ആയിരങ്ങൾ ഒഴുകിയെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ശനിയാഴ്ച മെഡിക്കൽ കോളേജിന്റെ തറക്കല്ലിടൽ ചടങ്ങിന് ബദിയടുക്ക ഉക്കിനടുക്കയിലെത്തിയ മുഖ്യമന്ത്രിക്കെതിരെ വൻജനരോഷമുയർന്നത്.  ഉക്കിനടുക്ക ടൗണിൽനിന്ന് പ്രകടനമായെത്തിയ എൽഡിഎഫ് പ്രവർത്തകരെ സമ്മേളന സ്ഥലത്തേക്ക് തിരിയുന്ന റോഡിന് സമീപം ബാരിക്കേഡുവച്ച് പൊലീസ് തടഞ്ഞു. ഇതോടെ പെർള, ബദിയടുക്ക ഭാഗങ്ങളിലേക്കുള്ള ഗതാഗതം ഒന്നരമണിക്കൂറോളം പൂർണമായും മുടങ്ങി. ജലപീരങ്കിയും ആയുധധാരികളായ നൂറുകണക്കിന് പൊലീസുകാരെയും അണിനിരത്തിയാണ് പ്രകടനം തടഞ്ഞത്. സമാധാനപരവും മാതൃകാപരവുമായിരുന്നു പ്രതിഷേധം. മെഡിക്കൽ കോളേജിനെ സ്വാഗതംചെയ്യുകയും ഉമ്മൻചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന  കറുത്ത ബാനറും കരിങ്കൊടികളുമായാണ് എൽഡിഎഫ് പ്രവർത്തകരെത്തിയത്.
പ്രകടനം പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. സമരം സിപിഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനംചെയ്തു.

0 comments :

Post a Comment