Sunday, December 1, 2013

പിണറായിക്ക് കാഞ്ഞങ്ങാട്ട് അത്യുജ്വല സ്വീകരണം

കാഞ്ഞങ്ങാട്: കള്ളക്കേസുകളെ അതിജീവിച്ച് തൊഴിലാളിവർഗ പ്രസ്ഥാനത്തെ കൂടുതൽ കരുത്തോടെ മുന്നോട്ടുനയിക്കുന്ന പടനായകന് കാസർകോടിന്റെ സ്‌നേഹോഷ്മള സ്വീകരണം. ഞായറാഴ്ച കാഞ്ഞങ്ങാട് നഗരത്തിൽ നൽകിയ പൗരസ്വീകരണത്തിൽ പിണറായിക്ക് അഭിവാദ്യമർപ്പിച്ച് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വിവിധ രാഷ്ട്രീയ പാർടിയിൽപെട്ട ബഹുജനങ്ങൾ ജനനായകനെ കാണാനും സ്വീകരിക്കാനും എത്തി.
വൈകിട്ട് നാലരയോടെ എത്തിയ പിണറായിയെ ചെണ്ടവാദ്യത്തിന്റെയും പ്രകമ്പനം കൊള്ളിച്ച മുദ്രവാക്യം വിളികളുടെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. ആവേശം അണപൊട്ടിയ സ്വീകരണയോഗത്തിലേക്ക് ചെറുതും വലുതുമായ ചെമ്പതാകകൾ വീശിയാണ് യുവാക്കൾ എത്തിയത്. സിപിഐ എമ്മിനെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് ആയിരങ്ങൾ ഒത്തുചേർന്നത്. പടക്കം പൊട്ടിച്ചും നിർത്താതെ മുദ്രവാക്യം മുഴക്കിയും ജനങ്ങൾ സന്തോഷം പ്രകടിപ്പിച്ചു.
നോർത്ത് കോട്ടച്ചേരിയിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ കെ നാരായണൻ അധ്യക്ഷനായി. കൂറ്റൻ പൂമാല അണിയിച്ചാണ് ജില്ലാ നേതാക്കൾ പിണറായിയെ സ്വീകരിച്ചത്. തുടർന്ന,് വിവിധ പാർടി കമ്മിറ്റികൾക്കും സംഘടനകൾക്കും വേണ്ടി പിണറായിയെ ഹാരമണിയിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ എംപി, സംസ്ഥാന കമ്മിറ്റി അംഗം കെ കുഞ്ഞിരാമൻ എംഎൽഎ, സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഇ ചന്ദ്രശേഖരൻ എംഎൽഎ, ജനതാദൾ സംസ്ഥാന സെക്രട്ടറി പി പി ദിവാകരൻ, ആർഎസ്പി ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാർ, എൻസിപി ജില്ലാ പ്രസിഡന്റ് അഡ്വ. സി വി ദാമോദരൻ, കോൺഗ്രസ്- എസ് നേതാവ് കൈപ്രത്ത് കൃഷ്ണൻനമ്പ്യാർ എന്നിവർ സംസാരിച്ചു.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളുൾപ്പെടെയുള്ള നേതാക്കൾ വേദിയിലുണ്ടായിരുന്നു. ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രൻ സ്വാഗതം പറഞ്ഞു.

0 comments :

Post a Comment